Sunday, October 21, 2007

‘മാങ്ങാത്തോലുണ്ട് ‘ ടീച്ചര്‍

വടക്കെ വയനാട്ടിലെ ഒരു കുഗ്രാമത്തിലെ മൊട്ടക്കുന്നിലെ സര്‍ക്കാര്‍ വഹ പള്ളിക്കൂടം. ഭൂരിഭാഗവും കര്‍ഷകമക്കള്‍ പഠിക്കുന്ന സ്കൂളില്‍ തനി വടക്കെ മലബാര്‍ ഭാഷ മാത്രം സംസാരിക്കുന്നവര്‍. രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഉച്ച‘ക്കഞ്ഞി’ ക്കുള്ള ‘ചോറ്റു’പാത്രം ബാഗില്‍ തിരുകിക്കയറ്റുക, 11 മണിക്കുള്ള 10 മിനുട്ട് ഇന്റെര്‍വെല്‍ സമയത്തു മൂത്രമൊഴിക്കാനുള്ള ഒരു മിനിട്ട് സമയമൊഴികെ ബാക്കി 9 മിനുട്ടും ‘തൊങ്ങി’ കളി,‘കോട്ടി‘കളി (ഗോലികളി) (നമ്മുടെ T20 ക്രിക്കറ്റ് പോലെ പെട്ടെന്ന് തീര്‍ക്കാന്‍ പറ്റുന്നവ) തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്ന് കളിച്ചെന്ന് ഉറപ്പുവരുത്തുക, ഉച്ചയ്ക്ക് വയറുനിറയെ കഞ്ഞിയും പയറും തിന്നുക, ശേഷം കളികളിലെ ‘ ടെസ്റ്റ് ക്രിക്കറ്റ് ’ ഐറ്റംസ് ആയ ‘കോട്ട‘ , കബടി, ചുട്ടിയും കോലും, ഫൂട്ബാള്‍ (നാരങ്ങ വലുപ്പമുള്ള ഒരു റബര്‍ പന്തിനെ കിട്ടിയ ദിശയില്‍ അടിക്കാന്‍ ഓടുന്ന ഒരു മുപ്പതുപേര്‍) എന്നിങ്ങനെയുള്ള ലോകോത്തര കായികയിനങ്ങളില്‍ കഠിന പരിശീലനം. ഉച്ചകഴിഞ്ഞ് ഉള്ള രണ്ട് പീരിയഡുകളില്‍ കണ്ണ് തുറന്നിരുന്നുറങ്ങല്‍, അവസാനത്തെ അരമണിക്കൂര്‍ ‘ഡ്രില്‍’ സമയത്ത് ഉച്ചയ്ക്കത്തെ പൂര്‍ത്തീകരിക്കാന്‍ പറ്റാത്ത ഐറ്റംസ് മുഴുമിപ്പിക്കല്‍. പിന്നെ മണിയടിക്കുമ്പോള്‍ ക്ലാസ്സില്‍ കയറി ദേശീയഗാനം ശ്രവിക്കല്‍. അവസാനത്തെ ജയഹേ... എന്ന വാക്ക് 100 മീറ്റര്‍ സ്പ്രിന്റിനുള്ള വിസില്‍ ആയി കണക്കാക്കി ചെമ്മണ്ണ് പറത്തി ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് കുന്നിറങ്ങുന്നതുവരെ കൂട്ടയോട്ടം. വീട്ടിലെത്തിയാല്‍ ബാഗില്‍നിന്നും ചോറ്റുപാത്രം ‘സുരക്ഷിതമായി’അടുക്കളയില്‍ കൊണ്ടുവെക്കുക. വീണ്ടും കളിക്കാനായി കൊയ്തൊഴിഞ്ഞ പാഠങ്ങളിലേക്ക്..... ഇതു ഞാനുള്‍പ്പെടെയുള്ള മഹാഭൂരിപക്ഷം ‘വിദ്യാര്‍ത്ഥി‘കളുടെ ദിനേനയുള്ള പൊതുമിനിമം പരിപാടി. ഇതിനിടയില്‍ ക്ലാസ്സില്‍ ഉള്ള സബ് ആക്റ്റിവിറ്റീസ് ; ടീച്ചേര്‍സ് ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും നടുനിവര്‍ന്നു ‘മിഴുങ്ങസ്യാ’ ന്നു നില്‍ക്കുക. കിട്ടാനുള്ള അടി, നുള്ള്, പൊട്ടീര് (ട്രൌസ്രര്‍ വലിച്ചുപിടിച്ചു മാംസളമായ ഇടം നോക്കി റോമന്‍ ലെറ്റേഴ്സില്‍ I, II, III എന്നിങ്ങനെ ബോള്‍ഡ് (Ctrl+B) ചെയ്യുക) തുടങ്ങിയവ ഒന്നും തന്നെ മിസ്സാവാതെ വരവ് വെക്കുക. ഒഴിവാക്കാനാവാത്ത ഇമ്പൊസിഷന്‍സ് എല്ലാം മറ്റുപീരിയഡുകളില്‍ എഴുതിത്തീര്‍ക്കുക. മഴക്കാലത്തു തോണിയും മറ്റുസമയത്തു വിമാനങ്ങളുമുണ്ടാക്കേണ്ട ആവശ്യത്തിലേക്കായി പേജ് സമാഹരണാര്‍ത്ഥം നോട്ട്ബുക്കില്‍ പരമാവധി കുറച്ചെഴുതുക. അതു തന്നെയും പെന്‍സില്‍ കൊണ്ടെഴുതി അടുത്ത ദിവസം ഇറേസര്‍ ഉപയോഗിച്ചു മായിച്ചുകളഞ്ഞു വീണ്ടും അതേ പേജില്‍ എഴുതി ‘അമിതലാഭം‘ കൊയ്യുക. ‘പുതിയ റബര്‍പന്തു വാങ്ങാന്‍ ഷയര്‍ കൊടുക്കാന്‍ എങ്ങിനെ വീട്ടില്‍ നിന്നും പണം സ്വരൂപിക്കും (ടൈം ടേബിളിന്റെ കാലൊടിഞ്ഞത് നന്നാക്കാനായുള്ള വകയില്‍ വരെ പണസമാഹരണം നടത്തിയ വിദ്വാന്മാരുണ്ടായിരുന്നു.), ‘അവധിദിനങ്ങളില്‍ വീട്ടിലറിയാതെ എങ്ങിനെ കുളത്തില്‍ നീന്താന്‍ പോകണം’ തുടങ്ങിയ സങ്കീര്‍ണ്ണമായ പ്രശ്ന്ങ്ങള്‍ക്ക് കൂലങ്കുഷമായി ചിന്തിച്ചും ചര്‍ച്ച ചെയ്തും പരിഹാരം കാണുക.

ഇങ്ങനെയിരിക്കെയാണു പുതിയ ഇംഗ്ലീഷ് ടീച്ചറായി തനി കോട്ടയം ഭാഷക്കാരിയായ ബിന്ദു ടീച്ചര്‍ സ്കൂളിലെത്തുന്നത്. ടീച്ചറുടെ ‘എടാ‍ കൂവേ എന്നാത്തിനാ’ , ‘പറ്റത്തില്ല‘ , ‘ഒക്കത്തില്ല’ ഭാഷയും കുട്ടികളുടെ ‘ഓന്‍ കീഞ്ഞ് പാ‍ഞ്ഞ്’ ഭാഷയും തമ്മില്‍ പൊരുത്തപ്പെടാന്‍ കഷ്ടപ്പെടുന്ന സമയം. ഞങ്ങളുടെ അതിമനോഹരമായ ‘ഗാന്ധിയന്‍’ കയ്യക്ഷരം മാറ്റി എഴുതിതുടങ്ങിയ വരിയില്‍ തന്നെ വരി അവസാനിപ്പിക്കുന്ന തരം കയ്യക്ഷരമാക്കി മാറ്റുമെന്ന ടീച്ചറുടെ മര്‍ക്കട മുഷ്ടിയുടെ ഫലമായി എല്ലാവരോടും 4 വര കോപ്പി ബുക്ക് വാങ്ങിവരാന്‍ പറഞ്ഞു. 2 ദിവസത്തിനു ശേഷം ക്ലാസ്സിലെത്തിയ ടീച്ചര്‍ ‘ നാലു വര കോപ്പി മേടിക്കാത്തര്‍ വല്ലവരുമുണ്ടോ’ ന്നു ചോദിച്ചു.
സഹ‘പഠി‘യന്‍മാര്‍ക്കാര്‍‍ക്കെങ്കിലും അടി കിട്ടാനുള്ള വല്ല സാധ്യതയും നമ്മുടെ മൌനം കൊണ്ടുണ്ടാവരുത് എന്ന ഉത്തമബോധ്യമുള്ള ഞങ്ങള്‍ കോറസ്സായി പറഞ്ഞു.
‘മാങ്ങാത്തോലുണ്ട് ടീച്ചര്‍’

അടിക്കുറിപ്പ് : വടക്കന്‍ മലബാറില്‍ ‘വാങ്ങാത്തവര്‍’ എന്നത് ‘മാങ്ങാത്തോല്‍’ ആവുമെന്നു പാവം ടീച്ചറ്ക്ക് അറിയില്ലാത്തതു കൊണ്ടാവാം അടികൊണ്ടപൊലുളള ആ നില്പ്

7 comments:

കൂമന്‍ said...

ഭാഷാന്തരം ...
ചില സ്കൂള്‍ കാല സ്മരണകള്‍‍

രജീഷ് || നമ്പ്യാര്‍ said...

എല്ലപ്പാ മലബാറില്‌ ഇങ്ങളേട്യേനും?

സു | Su said...

:)

കൂമന്‍ said...

രജീഷ് ; പോസ്റ്റ് ഒന്നൂടി ബായിക്കി..
സു ; :)

രജീഷ് || നമ്പ്യാര്‍ said...

ഒരു കുഗ്രാമത്തിലെ മൊട്ടക്കുന്നല്ലേ...

അന്ത കുഗ്രാമം?

കൂമന്‍ said...

രജീഷ് ; അവിടെ വടക്കെ വയനാട് എന്നു കണ്ടില്ലേ. അതില്‍ കൂടുതല്‍ പ്രോപ്പര്‍ ആയി അറിയണോ

നിഷ്ക്കളങ്കന്‍ said...

പ്രതിപാത്രം ഭാഷണഭേദ‌ം