Thursday, June 7, 2007

അടുത്ത ഇരയെയും കാത്തിരുന്നവള്‍

ഞാനാദ്യമായല്ല അവളെ കാണുന്നത്. എന്നാലും ഇന്നവള്‍ കൂടുതല്‍ സുന്ദരിയാണെന്നെനിക്കു തോന്നി. ഞാന്‍ മുറിയിലേക്കു ചെല്ലുമ്പോള്‍ അവള്‍ കിടക്കയില്‍ മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്നു. ഇന്നലെ ആരായിരുന്നിരിക്കണം അവളുടെ ഇര. അതാരായാലും അവള്‍ നന്നായി മതിവരുവോളം ആസ്വദിച്ചിട്ടുണ്ടെന്ന് അവളുടെ നഗ്നമായ പുറത്തെ ആ രക്തശോണിമ കണ്ടാലറിയാം. അവളുടെ ആ രക്തം തൊട്ടെടുക്കാവുന്ന നഗ്നമേനി പെട്ടെന്നെന്നിലുണ്ടാക്കിയ വികാരം അവളെ എന്റെ വിരലുകള്‍ക്കിടയിലാക്കി ഞെരിക്കാനായിരുന്നു. പക്ഷെ അടുത്ത നിമിഷം തന്നെ അതിലെ മ്ലേച്ച്ഛതയെ തിരിച്ചറിഞ്ഞ ഞാന്‍ ആ വികാരം ഉള്ളിലൊതുക്കി. എന്റെ കാല്പെരുമാറ്റം കേള്‍ക്കാനിട്ടോ അതോ അവളുടെ നഗ്നത ഞാന്‍ കാണുന്നില്ലെന്ന് കരുതിയിട്ടോ എന്തോ, അവള്‍ക്ക് യാതൊരു അനക്കവുമില്ല. ഒരു പക്ഷെ ഇന്നലത്തെ വേട്ടയുടെ ആലസ്യത്തിലായിരിക്കും.
എന്തായാലെന്താ ഒരുപാട് നാളുകള്‍ക്ക് ശേഷം കാണുന്നതല്ലെ, ഇനി വച്ചു താമസിപ്പിക്കണ്ട.
ഞാന്‍ മുറിയുടെ വാതില്‍ ചാരി. തുറന്നിട്ടിരുന്ന ജനലുകള്‍ ശബ്ദമുണ്ടാക്കാതെ അടച്ചു കൊളുത്തിട്ടു. കര്‍ട്ടനുകള്‍ വകന്നിട്ടു. പിന്നെ മാര്‍ജ്ജാ‍ര കാല്‌വെപ്പുകളോടെ ഞാന്‍ കട്ടിലിനരികിലേക്ക് നീങ്ങി. പതുക്കെ അവളറിയാതെ തലയിണ ഞാന്‍ എടുത്തുമാറ്റി. പിന്നെ പോക്കറ്റില്‍ നിന്നും സിഗരറ്റ് പായ്ക്ക്റ്റെടുത്ത് അതിലുണ്ടായിരുന്ന ഒരേയൊരു സിഗരറ്റെടുത്ത് മേശമേല്‍ വച്ചു. പിന്നെ ഇടത്തെ കാലിലെ ചെരുപ്പ് ഊരിയെടുത്തു. പിന്നെ ഒരു നൊടിയിടക്കുള്ളിലായിരുന്നു,
കാലിയായ ആ സിഗരറ്റ് പാക്കിന്റെ അറ്റം കൊണ്ടു ആ മൂട്ടയെ കോരിയെടുത്ത് നിലത്തിട്ടതും ചെരുപ്പ് കൊണ്ടു അടിച്ചു കൊന്നതും.

ഹാവൂ.. എത്ര നാളായെന്നോ ഇതു പോലെ രക്തം കുടിച്ചു ചീര്‍ത്ത ഒരു മൂട്ടയെ കൊന്നിട്ട്. വലിയൊരു കാര്യം ചെയ്ത ആത്മനിര്‍വ്രതിയോടെ ഞാന്‍ കട്ടിലില്‍ കയറി കിടന്നു.

4 comments:

Praju and Stella Kattuveettil said...

സ്വാഗതം.. ഇതു കൊള്ളാം കേട്ടൊ

ഇതു വായിച്ചപ്പൊഴാ ഒാര്‍ത്തെ.. ഒരു മൂട്ടയെ കൊന്ന നാളു മറന്നു..

ടിന്റുമോന്‍ said...

അഡള്‍ട്ട്‌സ്‌ ഓണ്‍ലിന്നൊക്കെ കേട്ടപ്പോ വെറുതെ മോഹിച്ചു.. മിനിമം ഒരു ഫീമെയില്‍ മോസ്കിറ്റോയെങ്കിലുമാക്കാമായിരുന്നു :)

Anonymous said...

സുഹ്രുത്തെ ഇത് ആധുനീക രചനാരീതിയുടെ സാങ്കേതികതയാണോ? അതോ വിടനിലെ മനുഷ്യത്വത്തെ ഉയര്‍ത്തികാട്ടാനോ? ഏതായാലും കഥയിലെ പ്‌ളോട്ടില്‍ നിന്നും പെട്ടെന്ന് വഴുതിമാറിയത് ശരിയായില്ല.

Anonymous said...

R u new to Blog

Anyway Swagatham