Saturday, July 14, 2012

"അവനിക്ക് പനിയാ "

പരീക്ഷ ചോദ്യം :  'അന്തരീക്ഷത്തില്‍ ചൂട് ' കൂടി വരുന്നത് എന്ത് കൊണ്ടാണ് ?
അബു ചിന്തിച്ചു...  സാധാരണ പനി ഉള്ളപ്പോഴാണല്ലോ ചൂട് കൂടുന്നത്. ഉത്തരം വച്ച് കാച്ചി ..


ഉത്തരം : അവനിക്ക് പനിയായത്  കൊണ്ടാണ് 


ഉത്തരം കണ്ട ഫിസിക്സ് മാഷിന്റെ ആത്മഗതം. " ഇവനൊക്കെ എന്തിനാണാവോ  പഠിക്കുനത് ?"

ഇത് കേട്ട മലയാളം മാഷ്‌ ഉത്തര കടലാസ്  വാങ്ങി നോക്കിയിട്ട് ... : ഇത്രേം സാഹിത്യപരമായി ഉത്തരം എഴുതിയ ഇവന് ഫുള്‍ മാര്‍ക്ക് കൊടുക്കണം..

ഫിസിക്സ മാഷ്‌ : അതെങ്ങിനെ ശരിയാകും?

മലയാളം  മാഷ്‌ : അവനി = ഭൂമി  പനിക്കുക = ചൂടാവുക , ഭൂമി ചൂടാവുക എന്നാല്‍ ഗ്ലോബല്‍ വാര്‍മിംഗ് .. എന്താ ശരിയല്ലേ....










Monday, October 5, 2009

മെനു

പൊതുവേ പിശുക്കനും തനിനാട്ടിന്‍പുറത്തുകാരനുമായ സതീശനു ഒരു ഇന്റെര്‍വൂ അറ്റെന്റ് ചെയ്യാനായി എറണാകുളം വരെ പോകേണ്ടി വന്നു. ആദ്യമായി എറണാകുളത്തേക്കു പോകുന്നതിനാല്‍ മുന്‍പ് പോയി പരിചയമുള്ള എന്നെയും കൂട്ടിനു വിളിച്ചു. എന്റെ സ്കലചെലവുകളും വഹിക്കാമെന്നുള്ള ഉറപ്പില്‍ ( അവനെ എനിക്ക് പണ്ടേ അറിയാവുന്നതു കൊണ്ട്) ഞാന്‍ കൂടെ പോയി. ഇന്റെര്‍വൂ കഴിഞ്ഞപ്പോഴെക്കും അവന്റെ പിശുക്ക് തലപൊക്കി. നല്ല നാടന്‍ ഫുഡ് കഴിക്കാമെന്നു പറഞ്ഞ് എന്നെ തട്ടുകടയിലേക്കു സ്വാഗതം ചെയ്തു. അവിടത്തെ ഫുഡിന്റെ സ്കലകുറ്റങ്ങളും പറഞ്ഞ് ഒരുവിധം അവനെ ഭേദപ്പെട്ട ഒരു റെസ്റ്റാരന്റിലെത്തിച്ചു. ഇനി ഫുഡ് ഓര്‍ഡര്‍ ചെയ്യുമ്പൊഴേ കാശ് കണ്ട്രോള്‍ ചെയ്യാന്‍പറ്റൂ എന്ന് മനസ്സിലായ അവന്‍ ഞാന്‍ ഓര്‍ഡര്‍ ചെയ്യുന്നതും കാത്തിരുന്നു.

ബിയറര്‍ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു : മെനു ഇല്ലേ?
കേട്ട പാതി കേള്‍ക്കാത്ത പാതി സതീഷ് : അയ്യോ അതൊന്നും വേണ്ട. അതിനൊക്കെ ഭയങ്കര കാശാണ്.


Sunday, October 21, 2007

‘മാങ്ങാത്തോലുണ്ട് ‘ ടീച്ചര്‍

വടക്കെ വയനാട്ടിലെ ഒരു കുഗ്രാമത്തിലെ മൊട്ടക്കുന്നിലെ സര്‍ക്കാര്‍ വഹ പള്ളിക്കൂടം. ഭൂരിഭാഗവും കര്‍ഷകമക്കള്‍ പഠിക്കുന്ന സ്കൂളില്‍ തനി വടക്കെ മലബാര്‍ ഭാഷ മാത്രം സംസാരിക്കുന്നവര്‍. രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഉച്ച‘ക്കഞ്ഞി’ ക്കുള്ള ‘ചോറ്റു’പാത്രം ബാഗില്‍ തിരുകിക്കയറ്റുക, 11 മണിക്കുള്ള 10 മിനുട്ട് ഇന്റെര്‍വെല്‍ സമയത്തു മൂത്രമൊഴിക്കാനുള്ള ഒരു മിനിട്ട് സമയമൊഴികെ ബാക്കി 9 മിനുട്ടും ‘തൊങ്ങി’ കളി,‘കോട്ടി‘കളി (ഗോലികളി) (നമ്മുടെ T20 ക്രിക്കറ്റ് പോലെ പെട്ടെന്ന് തീര്‍ക്കാന്‍ പറ്റുന്നവ) തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്ന് കളിച്ചെന്ന് ഉറപ്പുവരുത്തുക, ഉച്ചയ്ക്ക് വയറുനിറയെ കഞ്ഞിയും പയറും തിന്നുക, ശേഷം കളികളിലെ ‘ ടെസ്റ്റ് ക്രിക്കറ്റ് ’ ഐറ്റംസ് ആയ ‘കോട്ട‘ , കബടി, ചുട്ടിയും കോലും, ഫൂട്ബാള്‍ (നാരങ്ങ വലുപ്പമുള്ള ഒരു റബര്‍ പന്തിനെ കിട്ടിയ ദിശയില്‍ അടിക്കാന്‍ ഓടുന്ന ഒരു മുപ്പതുപേര്‍) എന്നിങ്ങനെയുള്ള ലോകോത്തര കായികയിനങ്ങളില്‍ കഠിന പരിശീലനം. ഉച്ചകഴിഞ്ഞ് ഉള്ള രണ്ട് പീരിയഡുകളില്‍ കണ്ണ് തുറന്നിരുന്നുറങ്ങല്‍, അവസാനത്തെ അരമണിക്കൂര്‍ ‘ഡ്രില്‍’ സമയത്ത് ഉച്ചയ്ക്കത്തെ പൂര്‍ത്തീകരിക്കാന്‍ പറ്റാത്ത ഐറ്റംസ് മുഴുമിപ്പിക്കല്‍. പിന്നെ മണിയടിക്കുമ്പോള്‍ ക്ലാസ്സില്‍ കയറി ദേശീയഗാനം ശ്രവിക്കല്‍. അവസാനത്തെ ജയഹേ... എന്ന വാക്ക് 100 മീറ്റര്‍ സ്പ്രിന്റിനുള്ള വിസില്‍ ആയി കണക്കാക്കി ചെമ്മണ്ണ് പറത്തി ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് കുന്നിറങ്ങുന്നതുവരെ കൂട്ടയോട്ടം. വീട്ടിലെത്തിയാല്‍ ബാഗില്‍നിന്നും ചോറ്റുപാത്രം ‘സുരക്ഷിതമായി’അടുക്കളയില്‍ കൊണ്ടുവെക്കുക. വീണ്ടും കളിക്കാനായി കൊയ്തൊഴിഞ്ഞ പാഠങ്ങളിലേക്ക്..... ഇതു ഞാനുള്‍പ്പെടെയുള്ള മഹാഭൂരിപക്ഷം ‘വിദ്യാര്‍ത്ഥി‘കളുടെ ദിനേനയുള്ള പൊതുമിനിമം പരിപാടി. ഇതിനിടയില്‍ ക്ലാസ്സില്‍ ഉള്ള സബ് ആക്റ്റിവിറ്റീസ് ; ടീച്ചേര്‍സ് ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും നടുനിവര്‍ന്നു ‘മിഴുങ്ങസ്യാ’ ന്നു നില്‍ക്കുക. കിട്ടാനുള്ള അടി, നുള്ള്, പൊട്ടീര് (ട്രൌസ്രര്‍ വലിച്ചുപിടിച്ചു മാംസളമായ ഇടം നോക്കി റോമന്‍ ലെറ്റേഴ്സില്‍ I, II, III എന്നിങ്ങനെ ബോള്‍ഡ് (Ctrl+B) ചെയ്യുക) തുടങ്ങിയവ ഒന്നും തന്നെ മിസ്സാവാതെ വരവ് വെക്കുക. ഒഴിവാക്കാനാവാത്ത ഇമ്പൊസിഷന്‍സ് എല്ലാം മറ്റുപീരിയഡുകളില്‍ എഴുതിത്തീര്‍ക്കുക. മഴക്കാലത്തു തോണിയും മറ്റുസമയത്തു വിമാനങ്ങളുമുണ്ടാക്കേണ്ട ആവശ്യത്തിലേക്കായി പേജ് സമാഹരണാര്‍ത്ഥം നോട്ട്ബുക്കില്‍ പരമാവധി കുറച്ചെഴുതുക. അതു തന്നെയും പെന്‍സില്‍ കൊണ്ടെഴുതി അടുത്ത ദിവസം ഇറേസര്‍ ഉപയോഗിച്ചു മായിച്ചുകളഞ്ഞു വീണ്ടും അതേ പേജില്‍ എഴുതി ‘അമിതലാഭം‘ കൊയ്യുക. ‘പുതിയ റബര്‍പന്തു വാങ്ങാന്‍ ഷയര്‍ കൊടുക്കാന്‍ എങ്ങിനെ വീട്ടില്‍ നിന്നും പണം സ്വരൂപിക്കും (ടൈം ടേബിളിന്റെ കാലൊടിഞ്ഞത് നന്നാക്കാനായുള്ള വകയില്‍ വരെ പണസമാഹരണം നടത്തിയ വിദ്വാന്മാരുണ്ടായിരുന്നു.), ‘അവധിദിനങ്ങളില്‍ വീട്ടിലറിയാതെ എങ്ങിനെ കുളത്തില്‍ നീന്താന്‍ പോകണം’ തുടങ്ങിയ സങ്കീര്‍ണ്ണമായ പ്രശ്ന്ങ്ങള്‍ക്ക് കൂലങ്കുഷമായി ചിന്തിച്ചും ചര്‍ച്ച ചെയ്തും പരിഹാരം കാണുക.

ഇങ്ങനെയിരിക്കെയാണു പുതിയ ഇംഗ്ലീഷ് ടീച്ചറായി തനി കോട്ടയം ഭാഷക്കാരിയായ ബിന്ദു ടീച്ചര്‍ സ്കൂളിലെത്തുന്നത്. ടീച്ചറുടെ ‘എടാ‍ കൂവേ എന്നാത്തിനാ’ , ‘പറ്റത്തില്ല‘ , ‘ഒക്കത്തില്ല’ ഭാഷയും കുട്ടികളുടെ ‘ഓന്‍ കീഞ്ഞ് പാ‍ഞ്ഞ്’ ഭാഷയും തമ്മില്‍ പൊരുത്തപ്പെടാന്‍ കഷ്ടപ്പെടുന്ന സമയം. ഞങ്ങളുടെ അതിമനോഹരമായ ‘ഗാന്ധിയന്‍’ കയ്യക്ഷരം മാറ്റി എഴുതിതുടങ്ങിയ വരിയില്‍ തന്നെ വരി അവസാനിപ്പിക്കുന്ന തരം കയ്യക്ഷരമാക്കി മാറ്റുമെന്ന ടീച്ചറുടെ മര്‍ക്കട മുഷ്ടിയുടെ ഫലമായി എല്ലാവരോടും 4 വര കോപ്പി ബുക്ക് വാങ്ങിവരാന്‍ പറഞ്ഞു. 2 ദിവസത്തിനു ശേഷം ക്ലാസ്സിലെത്തിയ ടീച്ചര്‍ ‘ നാലു വര കോപ്പി മേടിക്കാത്തര്‍ വല്ലവരുമുണ്ടോ’ ന്നു ചോദിച്ചു.
സഹ‘പഠി‘യന്‍മാര്‍ക്കാര്‍‍ക്കെങ്കിലും അടി കിട്ടാനുള്ള വല്ല സാധ്യതയും നമ്മുടെ മൌനം കൊണ്ടുണ്ടാവരുത് എന്ന ഉത്തമബോധ്യമുള്ള ഞങ്ങള്‍ കോറസ്സായി പറഞ്ഞു.
‘മാങ്ങാത്തോലുണ്ട് ടീച്ചര്‍’

അടിക്കുറിപ്പ് : വടക്കന്‍ മലബാറില്‍ ‘വാങ്ങാത്തവര്‍’ എന്നത് ‘മാങ്ങാത്തോല്‍’ ആവുമെന്നു പാവം ടീച്ചറ്ക്ക് അറിയില്ലാത്തതു കൊണ്ടാവാം അടികൊണ്ടപൊലുളള ആ നില്പ്

Thursday, June 7, 2007

അടുത്ത ഇരയെയും കാത്തിരുന്നവള്‍

ഞാനാദ്യമായല്ല അവളെ കാണുന്നത്. എന്നാലും ഇന്നവള്‍ കൂടുതല്‍ സുന്ദരിയാണെന്നെനിക്കു തോന്നി. ഞാന്‍ മുറിയിലേക്കു ചെല്ലുമ്പോള്‍ അവള്‍ കിടക്കയില്‍ മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്നു. ഇന്നലെ ആരായിരുന്നിരിക്കണം അവളുടെ ഇര. അതാരായാലും അവള്‍ നന്നായി മതിവരുവോളം ആസ്വദിച്ചിട്ടുണ്ടെന്ന് അവളുടെ നഗ്നമായ പുറത്തെ ആ രക്തശോണിമ കണ്ടാലറിയാം. അവളുടെ ആ രക്തം തൊട്ടെടുക്കാവുന്ന നഗ്നമേനി പെട്ടെന്നെന്നിലുണ്ടാക്കിയ വികാരം അവളെ എന്റെ വിരലുകള്‍ക്കിടയിലാക്കി ഞെരിക്കാനായിരുന്നു. പക്ഷെ അടുത്ത നിമിഷം തന്നെ അതിലെ മ്ലേച്ച്ഛതയെ തിരിച്ചറിഞ്ഞ ഞാന്‍ ആ വികാരം ഉള്ളിലൊതുക്കി. എന്റെ കാല്പെരുമാറ്റം കേള്‍ക്കാനിട്ടോ അതോ അവളുടെ നഗ്നത ഞാന്‍ കാണുന്നില്ലെന്ന് കരുതിയിട്ടോ എന്തോ, അവള്‍ക്ക് യാതൊരു അനക്കവുമില്ല. ഒരു പക്ഷെ ഇന്നലത്തെ വേട്ടയുടെ ആലസ്യത്തിലായിരിക്കും.
എന്തായാലെന്താ ഒരുപാട് നാളുകള്‍ക്ക് ശേഷം കാണുന്നതല്ലെ, ഇനി വച്ചു താമസിപ്പിക്കണ്ട.
ഞാന്‍ മുറിയുടെ വാതില്‍ ചാരി. തുറന്നിട്ടിരുന്ന ജനലുകള്‍ ശബ്ദമുണ്ടാക്കാതെ അടച്ചു കൊളുത്തിട്ടു. കര്‍ട്ടനുകള്‍ വകന്നിട്ടു. പിന്നെ മാര്‍ജ്ജാ‍ര കാല്‌വെപ്പുകളോടെ ഞാന്‍ കട്ടിലിനരികിലേക്ക് നീങ്ങി. പതുക്കെ അവളറിയാതെ തലയിണ ഞാന്‍ എടുത്തുമാറ്റി. പിന്നെ പോക്കറ്റില്‍ നിന്നും സിഗരറ്റ് പായ്ക്ക്റ്റെടുത്ത് അതിലുണ്ടായിരുന്ന ഒരേയൊരു സിഗരറ്റെടുത്ത് മേശമേല്‍ വച്ചു. പിന്നെ ഇടത്തെ കാലിലെ ചെരുപ്പ് ഊരിയെടുത്തു. പിന്നെ ഒരു നൊടിയിടക്കുള്ളിലായിരുന്നു,
കാലിയായ ആ സിഗരറ്റ് പാക്കിന്റെ അറ്റം കൊണ്ടു ആ മൂട്ടയെ കോരിയെടുത്ത് നിലത്തിട്ടതും ചെരുപ്പ് കൊണ്ടു അടിച്ചു കൊന്നതും.

ഹാവൂ.. എത്ര നാളായെന്നോ ഇതു പോലെ രക്തം കുടിച്ചു ചീര്‍ത്ത ഒരു മൂട്ടയെ കൊന്നിട്ട്. വലിയൊരു കാര്യം ചെയ്ത ആത്മനിര്‍വ്രതിയോടെ ഞാന്‍ കട്ടിലില്‍ കയറി കിടന്നു.

Wednesday, May 9, 2007

അങ്ങിനെ ഞാനും.....

ആനയും അംബാടിയുമില്ലാതെ..കൊട്ടും കുരവയുമില്ലാതെ...മോഹന്‍ലാലും നിങ്ങളുമില്ലാതെ..ഇവിടെ ഇതാ ഞാന്‍ എന്റെ ബ്ലോഗ്‌ ഔപചാരികമായി ഉത്ഘാടിച്ചിരിക്കുന്നു...